Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നു.
കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി ആർ നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി രാഹുൽ രാജൻ, നെടുമങ്ങാട് തറട്ട സ്വദേശി രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ തെരച്ചിൽ തുടരുന്നു. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തി.
മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തുകൾ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പരാജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നതാണ്.
ഇത് എന്തുകൊണ്ട് സാധ്യമായില്ല എന്ന പ്രശ്നം വിശദമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുകയുണ്ടായി. വന്ന പോരായ്മകളെ സംബന്ധിച്ച് വിമര്‍ശനപരവും, സ്വയം വിമര്‍ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായി.
ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളായിരുന്നില്ല ഉയര്‍ന്നുവന്നത്. വന്ന പോരായ്മകള്‍ പാര്‍ട്ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം മാധ്യമങ്ങള്‍ നടത്തുന്നത്.
പാര്‍ട്ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കാണിച്ചുള്ള ഹർജിയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.ജീവനൊടുക്കുന്നതിനു മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നു. പല തവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും തന്ത്രിയ്ക്കെതിരെ തെളിവുകളില്ലെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന്.
ശബരിമല സ്വര്‍ണക്കൊള്ളയുടെ കാരണഭൂതര്‍ സര്‍ക്കാരും പാര്‍ട്ടിയുമാണ്. സൂത്രധാരന്‍ മുന്‍ദേവസ്വം മന്ത്രിയും ബോര്‍ഡ് അംഗങ്ങളുമാണ്.
ശരിയായ ദിശയില്‍ നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന് രക്ഷാധികാരി കെ.കെ.ജി. നമ്പൂതിരി ആവശ്യപ്പെട്ടു.
Kerala
കൊല്ലം: ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണർ വ്യക്തമാക്കി. 2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.
അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപത്തുവച്ച് ആക്രമണമുണ്ടായത്.
Kerala
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലുള്ള ഷാജി കുറ്റം സമ്മതിച്ചെന്നും ഇയാൾ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥനാണെന്നും പോലീസ് പറഞ്ഞു.
കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സുധയുടെ അമ്മയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
ഷാജിയുടെ വാഹനത്തിലാണ് ഇരുവരും വൈറ്റില റെയില്‍ പാളത്തിന് സമീപത്തേക്ക് വന്നത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് ഷാജി ഒറ്റയ്ക്ക് പോകുന്നതിന്റെ ദ്യശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഷാജിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാളുടെ വസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു.
ഷാജിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തൂ. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സുധ ബേബിയാണെന്ന് തിരിച്ചറിഞ്ഞത്.
Kerala
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ മർദിച്ചത്.
ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
District News
കൊരട്ടി: അന്നനാട്ടിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കൊരട്ടിയിലെ ബേക്കറിയിലും മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ പള്ളിപ്പുറം നികരത്തിൽ അജയ്(18) എന്ന ആളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് കേസിനാസ്പദമായ മോഷണം നടന്നത്. അന്തർജില്ലാ മോഷണ സംഘത്തിലെ അംഗമായ ഇയാളെ മറ്റൊരു കേസിൽ കാട്ടൂർ പോലീസ് പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊരട്ടിയിലും അന്നനാട്ടിലും മോഷണം നടത്തിയത് വ്യക്തമായത്. അജയും പ്രായപൂർത്തിയാകാത്ത മൂന്നു പേരും ചേർന്നാണ് മോഷണം നടത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നത്. എറണാകുളത്ത് നിന്നും മോഷ്ടിച്ച ബെെക്കുകളുമായെത്തിയ സംഘം കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബേക്കറിയുടെ ഗ്രില്ലും ഷട്ടറും തകർത്ത് മേശയിൽ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വാച്ചുകളും മറ്റും മോഷ്ടിച്ചു.
തുടർന്ന് തുടർന്ന് അന്നനാട്ടിലെത്തി വേലുപ്പിള്ളി അമ്പലത്തിനു മുന്നിലുള്ള ഭണ്ഡാരം, ദേവി ക്ഷേത്രത്തിലെഭണ്ഡാരം, അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ റോഡിൽ കനാൽ ബണ്ടിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കുടുങ്ങാപ്പുഴ അമ്പലത്തിന്റെ ഭണ്ഡാരം, നവഗ്രഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം, അന്നനാട് അമ്പലം ജംഗ്ഷനിലെ ഭണ്ഡാരം എന്നിവിടങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. അന്നനാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന ബെെക്കും സംഘം മോഷ്ടി ച്ചു. വിവിധ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അജയ്.
കൊരട്ടി സിഐ അമ്യത് രംഗൻ, എസ്ഐ സി.പി.ഷിബു, എഎസ്ഐ കെ.സി. നാഗേഷ്, സിനിയർ സിപിഒ എസ്. അഭിലാഷ്, സിപിഒ അർജുൻ സുഗതൻ, ഹോം ഗാർഡുമാരായ ജയൻ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചിരുന്നില്ല.
ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Kerala
അങ്കമാലി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്.
ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേറ്റ് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു.
കോടതിക്ക് മുൻപിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: പോക്സോ കേസിലെ പ്രതി കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതിയിൽനിന്ന് ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജ ഭവനിൽ അബിൻദേവാണ് മുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. 2024ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അബിൻദേവ്.
കോടതിക്ക് പിന്നിലെ പടവുകൾ ഇറങ്ങി പ്രതി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി.
Kerala
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.
തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
കൽപ്പറ്റ: റിസോര്ട്ടിൽക്കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചീരാല്‍ മേച്ചേരി മഠം വീട്ടില്‍ ജോഷ്വ വര്‍ഗീസ് (35) നെയാണ് ബംഗളൂരുവില്‍ നിന്ന് സുൽത്താൻബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രിയില്‍ ബത്തേരി പൂതിക്കാട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ രണ്ടു കാറുകളിലായെത്തിയാണ് സംഘം ആക്രമണം നടത്തിയത്. അതിക്രമിച്ച് കടന്ന ആറംഗ സംഘം ജീവനക്കാരെ മർദിച്ചതിനൊപ്പം റിസോർട്ട് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പുത്തന്‍ക്കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി.നിഥുന്(35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍ (32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ.ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി.അജിന് ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.